നമുക്കിടയില്‍ വിദ്യാസമ്പന്നര്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വിവേകശൂന്യത അതിന്റെ പാരമ്യതയിലെത്തി നില്ക്കുന്നു എന്നത് വേദനാജനകമായ ഒരു വസ്തുത മാത്രം. അനീര്വ്വചനീയമാം വിധം ഏറിവരുന്ന പീഡനങ്ങളും നരഹത്യകളും തരുന്ന സൂചന മറ്റൊന്നുമല്ല. മനുഷ്യത്വവും, വിവേകവും നഷ്ടപ്പെട്ട ഒരു സമൂഹം നമുക്കു മുന്നില്‍ വിളയാടുന്നു.
സഹജീവികളെ മനസ്സിലാക്കാനും, ബഹുമാനിക്കാനുമുള്ള വിവേകമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. സ്ത്രീയൊ, പുരുഷനൊ ലിംഗഭേദമെന്യെ വ്യക്തിത്വമാണ് പ്രധാനം. മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സൗകര്യപൂര്‍വ്വം ശരിതെറ്റുകളെ തന്നിഷ്ടത്തിന് വളച്ചൊടിക്കുന്ന അപഹാസ്യന്മാര് വര്‍ദ്ധിച്ചുവരുന്നു എന്നുള്ളത് ആശങ്കാജനകമാണ്. എന്ത് വ്യക്തിത്വമാണ് ഇവര്‍ ആര്‍ജ്ജിക്കുന്നത്. ഒരു വീടിനുള്ളില്‍ പരസ്പര സഹകരണമൊ, ബഹുമാനമൊ ഇല്ലാതെ ജീവിതം എങ്ങിനെയോ പോകുന്നു, ചിലപ്പോള്‍ വഴിപിരിഞ്ഞും പോകുന്നു. കലുഷിതമായ സ്വന്തം മനോവിചാരങ്ങളിലൂടെ നിരന്തരം കടന്നുപോകുന്ന ഒരു വ്യക്തിക്ക് പാവനമായി ലളിതജീവിതം നയിക്കുന്ന ആരെയും ഉള്‍ക്കൊള്ളാനൊ, ബഹുമാനിക്കാനൊ കഴിയുന്നില്ല. പകരം ധിക്കാരവും ആക്രോശവും നിറഞ്ഞതാവുന്നു അവരുടെ വാക്കുകള്‍, തദ്വാരാ പ്രവൃത്തികളും. കേവലം സമ്പത്തിലൂടെയോ, വിദ്യയിലൂടെയോ ആര്ജ്ജിക്കുന്നതിനപ്പുറമാണ് വിവേകം.
നൈമിഷികമായ ഈ ജീവിതം അതിന്റേതായ ഭംഗിയോടെ മുന്നോട്ടുകൊണ്ടുപോകുവാനുള്ള കഴിവ് ഓരോ വ്യക്തിയിലും അധിഷ്ഠിതമായിരിക്കുന്നു. ഉയര്‍ച്ച താഴ്ചകളിലൂടെയും, ശരിതെറ്റുകളിലൂടെയും കടന്നുപോകുന്ന ജീവിതത്തെ സമ്പൂര്‍ണമാക്കുന്നത് നന്മ നിറഞ്ഞ ചിന്തകളാണ്. നല്ല ചിന്തകളിലൂടെ മാത്രമെ നല്ല വാക്കുകളും സത്പ്രവൃത്തികളും ഉണ്ടാകുന്നുള്ളൂ. വൈവിധ്യമാര്‍ന്ന മനുഷ്യജീവിതത്തില്‍ ഏതു സാഹചര്യത്തിലും ഒരു വാക്കുകൊണ്ടുപോലും ആരെയും വേദനിപ്പിക്കാതിരിക്കാനുള്ള വിവേകമുണ്ടാകുക. അറിവില്ലായ്മകൊണ്ടു സംഭവിച്ചുപോകുന്ന തെറ്റുകള്‍ തിരുത്തുന്നതും അങ്ങിനെയുള്ള സന്മനസ്സുകളോടു ക്ഷമിക്കാന്‍ കഴിയുന്നതും മാതൃകാപരമാണ്.
മനുഷ്യത്വം, വിവേകം തുടങ്ങിയവ പാഠ്യവിഷയമാക്കേണ്ടത് അനിവാര്യമായിരിക്കുന്നു. കുട്ടിക്കാലം മുതല്‍ ലഭ്യമാകുന്ന പരിശീലനത്തിലൂടെ സംസ്കാരസമ്പന്നരായ പുതുതലമുറയെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കുമെന്നതില്‍ സംശയമില്ല. കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാ മേഖലകളിലും സമയോചിതമായി നടപ്പിലാക്കുന്നതിലൂടെ ഒരു നല്ല നാളേയ്ക്ക് പ്രചോദനമേകാം.
‘ഒഴുക്ക് പോകുന്നിടത്തോളമേ അഴുക്കും പോകൂ’. മഹാകവി ഉള്ളൂരിന്റെ വാക്കുകള്‍ നമുക്ക് ഇവിടെ സ്മരിക്കാം. ‘നമിക്കിലുയരാം നടുകില്‍ തിന്നാം നല്കുകില് നേടീടാം നമുക്കു നാമെ പണിവതു നാകം നരകവുമതുപോലെ’. നമ്മുടെ സ്വര്‍ഗ്ഗവും നരകവുമെല്ലാം നാം തന്നെയാണ് സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവ് അക്ഷരാര്‍ത്ഥത്തില്‍ മഹത്തരമാകുന്നു.


