വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കണോ? എന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കണമെന്ന് ജില്ലാ ശുചിത്വ മിഷന് അറിയിച്ചു. യൂസര്‍ ഫീയായ 50 രൂപ നല്‍കേണ്ടതില്ലെന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
2016 ല്‍ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന പ്ളാസ്റ്റിക് ബൈലോ പ്രകാരമുള്ള യൂസര്‍ഫീ വീടുകളും, സ്ഥാപനങ്ങളും നല്കാന് ബാധ്യസ്ഥരാണ്. 2020 ഓഗസ്റ്റ് 12 ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യൂസര്‍ഫീ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.
യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് സേവനം നിഷേധിക്കാനുള്ള അധികാരവും അധികൃതര്‍ക്കുണ്ട്. പഞ്ചായത്തിലേക്കോ മുനിസിപ്പിലാറ്റിയിലേക്കോ നല്‍കേണ്ട ഏതെങ്കിലും തുക നല്കാതിരുന്നാല്, അത് നല്കിയ ശേഷം മാത്രമേ ലൈസന്‍സ് പോലുള്ള സേവനം ലഭ്യമാവുകയുള്ളു.
യൂസര്‍ ഫീ നല്കാന് മടിച്ച് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ ഇരുന്നാലും പിഴയുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മ സേനയ്ക്ക് കൈമാറാതെ അലക്ഷ്യമായി വലിച്ചെറിയുകയും കത്തിക്കുകയും ചെയ്താല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴ.


