പത്തനംതിട്ട: സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ആഴ്ചത്തേ അപേക്ഷിച്ച് മികച്ച വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ കൂടിയതോടെ ശബരിമലയില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ദ്ധന. 48 ലക്ഷം രൂപയാണ് തിങ്കളാഴ്ച മാത്രം കെഎസ്ആര്‍ടിസിയുടെ വരുമാനം. ഈ മണ്ഡലകാലത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള തീര്‍ത്ഥാടകരുടെ യാത്ര ഈ സീസണ് മുതല്‍ കെഎസ്ആര്‍ടിസി ബസിലൂടെ മാത്രമാക്കിയതാണ് വരുമാനം ഉയര്‍ത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 79,000 പേരാണ് സന്നിധാനത്തെത്തിയത്. 
ഇതില്‍ കാല് നടയായി എത്തിയര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം വന്നത് കെഎസ്ആര്‍ടിസി ബസ് കയറി. 56,576 തീര്‍ത്ഥാടകരാണ് നിലയ്ക്കല്‍ നിന്നുള്ള ഷട്ടില്‍ സര്‍വീസിലൂടെ പമ്പയിലെത്തിയത്. 42 ലക്ഷത്തോളം രൂപ നിലയ്ക്കലില്‍ നിന്നും എട്ട് ലക്ഷം ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും തിങ്കളാഴ്ച കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച വരെ ശരാശരി 700 സര്‍വീസുകള്‍ മാത്രമാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് നടത്തിയിരുന്നത്.

