പത്തനംതിട്ട: ശബരിമല തീര്ത്ഥാടകന് ശിവദാസന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ശിവദാസന്റെ മരണം അപകട മരണമാണെന്ന് കരുതുന്നില്ലെന്നും സംവഭത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറയുന്നു. ‘അച്ഛനെ കാണാതായെന്ന് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അച്ഛന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മകന് ശരത് പറഞ്ഞു’. 22 ന് പരാതി നല്‍കിയെങ്കിലും 25നുമാത്രമാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അയല്‍ക്കാരുമായുള്ള അതിര്‍ത്തി തര്‍ക്കം നേരത്തേ പരിഹരിച്ചതാണ്. ഭര്‍ത്താവിന്റെ മരണം അപകടത്തെ തുടര്‍ന്നാണെന്ന് കരതുന്നില്ലെന്ന് ഭാര്യ ലളിത വ്യക്തമാക്കി. അതേസമയം കഴിഞ്ഞമാസം 18 ന് തന്നെയാണ് ശിവദാസന്‍ ശബരിമലയിലേക്ക് പോയതെന്നും 19 ന് വീട്ടീലേക്ക് വിളിച്ചത് ഭര്‍ത്താവ് തന്നെയെന്നും ലളിത സ്ഥിരീകരിച്ചു. പത്തനംതിട്ട ളാഹക്ക് സമീപത്തെ കൊക്കയില്‍ നിന്നുമാണ് കാണാതായ ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. ശിവദാസന്റെ മരണം രക്തസ്രാവത്തെ തുടര്‍ന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.