തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, കേരള ബാങ്കിന് അനുമതി നല്‍കുന്നത് തടയാന്‍ സംസ്ഥാനത്തെ ചിലര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരക്കാരുടെ ശ്രമങ്ങള്‍ മറികടന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2019 മാര്‍ച്ച് 31നകം 14 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് ⇓
അതിനിടെ കേരള ബാങ്ക് എന്ന ആശയവും അത് സാക്ഷാത്കരിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ളതും കേരളത്തിന്റെ വികസന ലക്ഷ്യങ്ങള്‍ മുന്‍ നിര്ത്തിയുള്ളതുമാണെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ ബാങ്കിംഗ് സൗകര്യം എല്ലാവര്ക്കും എന്നതാണ് കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കാഴ്ചപ്പാട്. കേരളത്തിലെ പ്രാഥമിക ബാങ്കുകള്‍ വളരെ പ്രധാനപ്പെട്ടതും കരുത്തുറ്റതും നിരവധി വായ്പാ-വായ്പേതര സേവനങ്ങള്‍ നല്കുന്നവയുമാണ്. കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരണത്തോടെ പ്രാഥമിക ബാങ്കുകളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കാന്‍ കഴിയും.
നിക്ഷേപം, വായ്പ തുടങ്ങിയ ബാങ്കിംഗ് സേവനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ സ്വന്തം നിലയില്‍ നല്‍കുകയും ബാങ്കിംഗ് രംഗത്തെ ആധുനിക സേവനങ്ങളും സാമ്പത്തിക ഉല്പന്നങ്ങളും കേരള കോ-ഓപ്പറേറ്റീവ് ബാങ്കിലൂടെ പ്രാഥമിക ബാങ്കുകള്‍ ഉപഭോക്താക്കളിലെത്തിക്കുകയും വേണമെന്ന് വിഭാവനം ചെയ്യുന്നു. കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളുമായി മത്സരിക്കില്ല. പ്രൊഫഷണല്‍ വൈദഗ്ദ്ധ്യമുള്ള ജീവനക്കാരും, പ്രൊഫഷണല്‍ സമീപനവും, ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവനങ്ങളും, നവീനങ്ങളായ ബാങ്കിംഗ് ഉല്പന്നങ്ങളും കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സവിശേഷതയായിരിക്കും. പ്രാഥമിക ബാങ്കുകളിലൂടെ നവീനമായ സാമ്പത്തിക ഉല്പന്നങ്ങള് ജനങ്ങളിലെത്തിക്കാന്‍ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് സാഹചര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


