പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നറിയപ്പെടുന്ന വിന്നി മണ്ടേല അന്തരിച്ചു. ദക്ഷിണാഫ്രിക്കയുടെ വിമോചന നായകനായിരുന്ന നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയായിരുന്ന വിന്നി വർണ്ണ വിവേചനത്തിനെതിരായി ശക്തമായി പോരാടിയിരുന്ന വ്യക്തിത്വമായിരുന്നു.ദീർഘ നാളുകളായി അസുഖ ബാധിതയായിരുന്ന വിന്നി ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്.
നെൽസൺ മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. 1958ലാണ് ഇവർ വിവാഹിതരായത്. എന്നാൽ കുറച്ച് കാലങ്ങൾക്ക് ശേഷം നെൽസൺ മണ്ടേലയ്ക്ക് ഒളിവിൽ പോകേണ്ടി വരികയും പിന്നീട് ജയിലാകുകയും ചെയ്തു. 27 വർഷം വരെ ആ ജയിൽജീവിതം തുടർന്നു. ഈ കാലയളവിൽ തന്റെ മക്കളെ പരിപാലിക്കുക മാത്രമല്ല വർണ്ണ വിവേചനത്തിനെതിരായ പോരാട്ടത്തിൽ സജീവ സാന്നിധ്യമായും വിന്നി നിലകൊണ്ടു. 1975ൽ എഎൻസിയുടെ വിമൻസ് ലീഗിന്റെ നേതാവായി. എന്നാൽ പിന്നീട് പല വിവാദങ്ങളും വിന്നിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു.
തുടർന്ന് ജയിൽമോചിതനായ നെൽസൺ മണ്ടേലയ്ക്കൊപ്പം രണ്ട് വർഷം കൂടി കുടുംബജീവിതം തുടർന്നെങ്കിലും 1996ൽ വിവാഹമോചനം നേടി. വിവാഹമോചനം നേടിയെങ്കിലും മണ്ടേല എന്ന പേര് ഉപേക്ഷിക്കാൻ വിന്നി തയ്യാറായിരുന്നില്ല


