ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സര്‍ക്കാരും പറഞ്ഞ ദുരന്തമേഖലയില്‍ നിന്ന് ഇന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി.രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം.
ഈ കുടുംബത്തെ കാണാനില്ലെന്ന് ബന്ധു നല്കിയ വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവരെ കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ ഇവരെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഈ കുടുംബം ഒറ്റപ്പെട്ടുപോകുകയായിരുന്നു. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുൾപ്പൊട്ടലിൽ പകുതി തകർന്ന് പോയ വീട്ടിൽ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം. ഉരുള്‍പൊട്ടല്‍ ഈ കുടുംബത്തെ നേരിട്ട് ബാധിച്ചിരുന്നില്ലെങ്കിലും ഉരുള്‍പൊട്ടല്‍ തകര്‍ത്ത വെള്ളാര്‍മല സ്കൂളിന് സമീപമുള്ള കുന്നിന് പ്രദേശത്താണ് ഇവര്‍ ഒറ്റപ്പെട്ടുപോയത്. ഉരുള്‍പൊട്ടല്‍ വന്നതോടെ വാഹനങ്ങള്‍ ആ പ്രദേശത്ത് എത്തിക്കാന്‍ സാധിച്ചില്ല.


