മൂവാറ്റുപുഴ :നഗര വികസന നിർമ്മാണ പുരോഗതി സൈറ്റിൽ പരിശോധന
നടത്തി റിപ്പോർട്ട് നൽകാൻ
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിനായി ഉദ്യോഗസ്ഥനെ മന്ത്രി ചുമതലപ്പെടുത്തി.
നഗര വികസനം കാലവർഷത്തിന് മുമ്പായി
പൂർത്തികരിക്കാൻ മന്ത്രിയുടെ
ഇടപെടലും മേൽനോട്ടവും ആവശ്യപ്പെട്ട്
എൽഡിഎഫ് പ്രതിനിധി സംഘം
മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.
നഗര വികസനത്തിൻ്റെ ഇതുവരെയുള്ള
പ്രവർത്തനങ്ങൾ സംബന്ധിച്ച് നിവേദന സംഘവുമായി മന്ത്രി ചർച്ച നടത്തി.
കെ. ആർ. എഫ്. ബിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ബന്ധപ്പെടുകയും
നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കാൻ
അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന്
ഉദ്യോഗസ്ഥന് നിർദ്ദേശം നൽകുകയും,
നഗര വികസന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ എല്ലാ ഇടപെടലും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. എൽഡിഎഫ് മണ്ഡലം കമ്മിറ്റി
യോഗ തീരുമാനപ്രകാരമാണ്
എൽഡിഎഫ് സംഘം മന്ത്രിയെ കണ്ടത്.
എൽഡിഎഫ് മൂവാറ്റുപുഴ അസംബ്ലി മണ്ഡലം കൺവീനർ എൻ അരുൺ, സിപിഐഎം ഏരിയ സെക്രട്ടറി അനീഷ് മാത്യു, കൺസ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്മായിൽ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കെ എ നവാസ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോർജ് ,റിയാസ് ഖാൻ , ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇമ്മാനുവൽ പാലക്കുഴി തുടങ്ങിയവരാണ് എൽഡിഎഫ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.