യുഎഇയില്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധിത പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കത്തിന് മുന്നോടിയായിട്ടാണ് വാക്സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രിക്ക് നല്‍കിയത്.
മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതല്‍ ആയതുകൊണ്ട് അവരെ സംരക്ഷിക്കാന്‍ രാജ്യം ശ്രമിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മികച്ച ഫലങ്ങളാണ് കാണിക്കുന്നത്. വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്നും ഇത് കൊവിഡ് മഹാമാരി മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനും ജീവന് രക്ഷിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കാന്‍ സമയബന്ധിതമായി നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യുഎഇ ആരോഗ്യവകുപ്പ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ പ്രമേയമായ ‘ഹെല്‍ത്ത് വര്‍ക്കര്‍ സേഫ്റ്റി: എ പ്രയോറിറ്റി ഫോര്‍ പേഷ്യന്റ് സേഫ്റ്റി’ മാനിച്ചു കൊണ്ടാണ് ഈ തീരുമാനം.


