കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികള്‍ക്ക് മാത്രമായി കോര്‍പ്പറേറ്റിവ് സൊസൈറ്റികള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ വ്യാപകമായി മറിച്ചു വില്‍ക്കുന്നതായി തെളിഞ്ഞതോടെ അധികൃതര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നു. സബ്സിഡി നല്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിലുള്ള പൊരുത്തക്കേടുകള്‍ ബന്ധപ്പെട്ട അതോറിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് 51 സഹകരണ സംഘങ്ങളിലെ അക്കൗണ്ടന്റുമാരെ പിടികൂടിയിട്ടുണ്ട്. ക്രമക്കേടിനായി ഉപയോഗിച്ച പതിനായിരത്തോളം ദിനാറിന്റെ ഭക്ഷ്യ വസ്തുക്കളാണ് കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മറ്റ് അറബ് രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്നും രണ്ട് ട്രക്കിലായി കടത്താന്‍ ശ്രമിച്ച അരി, പാല് പൊടി തുടങ്ങി വലിയ അളവില്‍ സബ്സിഡി നല്കുന്ന ഭക്ഷ്യവസ്തുക്കള്‍ സല്‍മി അതിര്‍ത്തിയിലെ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു
വീടുകളിലെ അംഗങ്ങളുടെ എണ്ണ പ്രകാരം സ്വദേശികള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന റേഷന്‍ ഉല്‍പ്പന്നങ്ങളാണു രാജ്യത്തിനു പുറത്തേക്ക് കടത്തുന്നത്. പാവപ്പെട്ട സ്വദേശികളില്‍ ചിലര്‍, നാലിലൊന്ന് വിലയില്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ പ്രവാസികള്‍ക്കും മറ്റുമായി ഇരട്ടി വില വാങ്ങി വില്‍ക്കാറുണ്ട്. മറ്റു ചിലര്‍ ഇവ പ്രവാസികള്‍ക്ക് ദാനമായി നല്‍കാറുമുണ്ട്. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയും വിലക്കുറവും കണക്കിലെടുത്ത് പ്രവാസികള്‍ ഇവ നാട്ടിലേക്ക് അയക്കുന്നതും പതിവാണു. സപ്ലൈ വിതരണം കര്‍ശനമായി നിയന്ത്രിക്കുന്നതിനും റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവരെ സര്‍ക്കാര്‍ സബ്സിഡി നല്കുന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്ന് അനധികൃതമായി ലാഭമുണ്ടാക്കുന്നത് തടയുന്നതിനുമായി കര്‍ശന നടപടികള്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നത് തടയാനായി വിമാന താവളങ്ങളിലും അതിര്‍ത്തി കവാടങ്ങളിലും കര്‍ശ്ശന നിരീക്ഷണം ഏര്‍പ്പെടുത്തുക, ഇതിനായി ശ്രമിക്കുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ ക്കെതിരെ നിയമ നടപടി സ്വീകരിക്കുക. റേഷന്‍ കടകളില്‍ ദൈനം ദിന കണക്കെടുപ്പ് നടത്തുക,കണക്കില്‍ വ്യത്യാസ കുറവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ സ്റ്റോറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക, സ്റ്റോറിന്റെ ചുമതലക്കാരനായി സ്വദേശികളെ മാത്രം നിയമിക്കുക, നിയമ ലംഘകര്‍ക്കെതിരെയുള്ള നിലവിലെ നിയമങ്ങളില്‍ പിഴ സംഖ്യ, ജയില്‍ ശിക്ഷ കാലാവധി മുതലായവ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നടപടികളാണ് വാണിജ്യ മന്ത്രാലയം കൈക്കൊള്ളാന്‍ ഒരുങ്ങുന്നത്.


