നിതിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.45 ന് എയര്‍ അറേബ്യ വിമാനത്തിലായിരുന്നു നിതിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. നിതിന്റെ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആശുപത്രിയിലേക്കാകും മൃതദേഹം ആദ്യം കൊണ്ടുപോവുകയെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മലയാളികള്‍ വിദേശത്ത് കുടങ്ങിപ്പോയപ്പോള്‍ ഗര്‍ഭിണികളെ എത്രയും വേഗം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയതിലൂടെയാണ് നിതിന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. നിതിന്റെ നിയമപോരാട്ടം വിജയം കണ്ടതോടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ആതിരയ്ക്ക് ഉള്‍പ്പെടെ നാട്ടില്‍ മടങ്ങിയെത്താന്‍ വഴി തെളിഞ്ഞത്. അന്ന് നിതിനും ആതിരയ്ക്കൊപ്പം നാട്ടിലെത്താന്‍ വിമാന ടിക്കറ്റ് ലഭിച്ചിരുന്നതാണെങ്കിലും തന്നെക്കാള്‍ അത്യാവശ്യമുള്ളവര്‍ക്കായി നിതിന്‍ പിന്മാറുകയായിരുന്നു.
ആതിരയുടെ പ്രസവ സമയത്തോട് അടുത്ത് താന്‍ നാട്ടിലെത്തിക്കോളാം എന്നായിരുന്നു നിതിന്‍ ഭാര്യക്ക് വാക്ക് നല്‍കിയിരുന്നത്. പറഞ്ഞതുപോലെ നിതിന്‍ ആതിരയ്ക്ക് അടുത്ത് എത്തുമെങ്കിലും പ്രിയതമയെയും പൊന്നോമനയെയും കാണാനുള്ള യോഗമില്ല. ചേതനയറ്റ ശരീരമായിട്ടാണ് നാളെയെത്തുക. ഉറക്കത്തിനിടയിലായിരുന്നു നിതിന്റെ അന്ത്യം. രാവിലെ സുഹൃത്തുക്കള്‍ വിളിച്ചിട്ടും ഉണരാതിരുന്നപ്പോഴാണ് നിതിന്‍ എന്നന്നെക്കുമായി യാത്രയായ വിവരം എല്ലാവരും അറിയുന്നത്. യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു.


