ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് അസ്ഹറുദ്ദീനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. ഡിസംബർ ആദ്യ ആഴ്ചയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം.
അസ്ഹറുദ്ദീനെ കൂടാതെ ബി.എം.വിനോദ് കുമാര്‍, ജാഫര്‍ ജാവേദ് എന്നിവരെ വൈ.പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ എട്ട് ജനറൽ സെക്രട്ടറിമാരെയും നാല് സെക്രട്ടറിമാരെയും നിയമിച്ചതായി ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായിരുന്ന അസ്ഹറുദ്ദീൻ കോഴക്കേസിൽ പെട്ട് ആജീവനാന്ത വിലക്ക് നേരിട്ടതോടെ ക്രിക്കറ്റ് കരിയർ അവസാനിക്കുകയായിരുന്നു. 2000-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കോഴ വിവാദത്തിൽ അസ്ഹറും പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ ഐസിസിയും ബിസിസിഐയും ആജീവനാന്ത വിലക്കേർപ്പെടുത്തുകയായിരുന്നു.


