ന്യൂഡല്‍ഹി: ലോക് സഭ തിരഞ്ഞെടുപ്പില്‍ പ്രയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യത ഏറുന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനം പ്രയങ്കയുടെ തന്നെയാണെന്ന് വാര്‍ത്താ ഏജന്‍സിയ്ക്ക് നല്കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അങ്ങനെയെങ്കില്‍ വാരാണസിയില്‍ മത്സരിച്ചാലോ എന്ന ചോദ്യം വരുന്നത്.
ഇതോടെയാണ് നരേന്ദ്രമോദിയെ നേരിടാന്‍ പ്രിയങ്ക തന്നെ എത്തും എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പ്രിയങ്ക തന്നെ ആണെന്നും ആണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പ്രിയങ്ക വാരാണസിയില്‍ മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ മാത്രമല്ല രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ സാധ്യത കൂട്ടും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മാത്രമല്ല അഥവാ രാഹുല്‍ തെക്കേ ഇന്ത്യയില്‍ മത്സരിച്ചാല്‍ ബിജെപിയില്‍ നിന്ന് ഒളിച്ചോടി എന്ന പരിഹാസം തടയാനും ഈ തീരുമാനം സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.
ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ വോട്ടര്‍മാര്‍ രണ്ടായിരത്തി ഒമ്ബതില്‍ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നു. പ്രിയങ്കയുടെ മത്സരം ഇത് വീണ്ടും സാധ്യമാക്കുമെന്ന് കരുതുന്ന നേതാക്കളുമുണ്ട്.
മേയ് 19 ന് അവസാന ഘട്ടത്തിലാണ് വാരാണസിയിലെ വോട്ടെടുപ്പ്. അതുവരെ ശക്തമായി മത്സരത്തില്‍ നില്‍ക്കുകയെന്ന ആലോചനയും പ്രിയങ്കയുടെ സാധ്യതയ്ക്ക് പിന്നില്‍ ശക്തമാണ്.


