മനക്കരുത്തും ഇച്ഛാശക്തിയും കൊണ്ട് അര്‍ബുദത്തെ തോല്‍പ്പിച്ച ആഞ്ജലീന ജോളിയുടെ രാഷ്ട്രീയ പ്രവേശനമാണ് ഹോളിവുഡിലെ ഇന്നത്തെ പ്രധാന വാര്‍ത്ത.
ബി.ബി.സിക്ക് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആഞ്ജലീന വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
യു.എന്‍ അഭയാര്‍ത്ഥി സംഘടനയില്‍ ആഞ്ജലീന സജീവമായി ഇടപെടുന്നുണ്ട്. ലൈംഗികാതിക്രമം നേരിടുന്ന അഭയാര്‍ത്ഥികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ ആഞ്ജലീന നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാണ്. യു.എസ് രാഷ്ട്രീയം, സോഷ്യല്‍ മീഡിയ, ലൈംഗിക അതിക്രമം, ആഗോള അഭയാര്‍ത്ഥി പ്രതിസന്ധികള്‍ എന്നിവയെ കുറിച്ചെല്ലാം ആഞ്ജലീന പരാമര്‍ശിച്ചു. രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടിയുടെ ഉത്തരം ഇത്തരത്തിലായിരുന്നു:
20 വര്‍ഷം മുന്‍പാണ് ഈ ചോദ്യം കേട്ടിരുന്നുവെങ്കില്‍ താന്‍ ചിരിച്ചു തള്ളുമായിരുന്നുവെന്ന് ആഞ്ജലീന പറഞ്ഞു. യു.എന്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. സര്‍ക്കാരുകള്‍ക്കൊപ്പവും സൈന്യത്തോടൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. ഒരു പദവിയും വഹിക്കാതെ തന്നെ നിരവധി പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഇടത്താണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് ആഞ്ജലീന മറുപടി നല്കി. മുപ്പതോ നാല്പതോ ഡമോക്രാറ്റുകള്‍ നാമനിര്‍ദേശം നല്കാന് മത്സരിക്കുമ്പോള്‍ ആ പട്ടികയില്‍ താങ്കളുമുണ്ടാകട്ടെയെന്ന് മാധ്യമപ്രവര്ത്തകന് പറഞ്ഞപ്പോള്‍ നന്ദി എന്ന് പറഞ്ഞ് ആഞ്ജലീന ചിരിച്ചു. ലോകത്തെ ശക്തരായ 10 വനിതകളില്‍ ഒരാളായ ആഞ്ജലീനയുടെ രാഷ്ട്രീയ പ്രവേശനം ആകാംക്ഷയോടെയാണ് ആരാധകരും ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാടുകളും സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചുമെല്ലാമാണ് ബി.ബി.സിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ആഞ്ജലീന വിശദമാക്കിയത്.