തിരുവനന്തപുരം: അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥന് നന്ദകുമാറിനെതിരെ കേസ്. അച്ചു ഉമ്മന്‍ ഡിജിപിക്ക് നല്കിയ പരാതി പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണത്തില്‍ അച്ചു ഉമ്മന്‍ പരാതി നല്‍കിയത്. പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലുമാണ് പരാതി നല്‍കിയത്. തൊട്ടുപിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പ് ചോദിച്ച് നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം.
നന്ദകുമാറിന്റെ പോസ്റ്റ്
ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ ഞാന്‍ രേഖപ്പെടുത്തിയ ഒരു കമന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്ക് അപമാനകരമായി പോയതില്‍ ഞാന്‍ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയില്‍പ്പെട്ടയുടനെ ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു.’ എന്നായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.
അച്ചു ഉമ്മന്‍ പ്രതികരിച്ചത്
ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച സ്നേഹത്തിലും ആദരവിലും അസ്വസ്ഥരായവരാണ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് നേരത്തെ അച്ചു ഉമ്മന്‍ പ്രതികരിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഒരുപാട് വേട്ടയാടി. അദ്ദേഹം മരിച്ചുപോയി. ഇനി എങ്ങനെ വേട്ടയാടും? അപ്പോഴാണ് കുടുംബത്തെ കരുവാക്കി വീണ്ടു വീണ്ടും വേട്ടയാടുന്നത്. പച്ച നുണകള്‍ പറഞ്ഞുകൊണ്ടാണ് ഈ വേട്ടയാടല്‍. ഇതെല്ലാം ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്കോ സ്നേഹത്തിനോ കറപിടിപ്പിക്കാനൊന്നും സാധിക്കില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞിരുന്നു.