ബംഗളൂരു: കർണാടക നിയമസഭയിൽ യെദിയുരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് സഭയിൽ ബിജെപി ഭൂരിപക്ഷം തെളിയിച്ചത്. നിയമസഭ ചേർന്നതിന് പിന്നാലെ മുഖ്യമന്ത്രി യെദിയുരപ്പ വിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
അയോഗ്യരാക്കപ്പെട്ട അഞ്ച് കോൺഗ്രസ് വിമത എം എൽ എമാർ തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്ന് ബംഗളൂരുവിൽ എത്തിയിരുന്നു. മുനിരത്നം നായിഡു, ബൈരതി ബാസവരാജ്, എം ടി ബി നാഗരാജ്, എസ് ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നീ എം എൽ എമാരാണ് കനത്ത സുരക്ഷാവലയത്തിൽ തിങ്കളാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എച്ച് ഡി കുമാരസ്വാമി നേതൃത്വം നൽകിയ കോൺഗ്രസ് – ജെ ഡി എസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു ശേഷമായിരുന്നു എം എൽ എമാർ മുംബൈയിലേക്ക് പോയത്.