തിരുവനന്തപുരം: സോളാര്‍ കേസില്‍ വ്യവസായിയായ ടി സി മാത്യുവില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇന്ന് വിധി പറയും. ഗാര്‍ഹികാവശ്യത്തിനായുള്ള സോളര്‍ പാനലിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ വിതരണാവകാശം വാഗ്ദാനം ചെയ്തു വ്യവസായിയായ ടി സി മാത്യുവില്‍ നിന്നും ഒന്നരകോടി രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.
സരിത നായരെയും ബിജു രാധാകൃഷ്ണനും എതിരെയുള്ള പരാതിയിലാണ് ഇന്ന് കോടതി വിധി പറയുക.
കേസിലെ മൂന്നാം പ്രതി ഇന്ദിരാദേവി ഒളിവിലാണ്. നാലാം പ്രതി ഷൈജു സുരേന്ദ്രനെ പ്രത്യേകം വിചാരണ ചെയ്യും. 2009 ലാണ് സംഭവം. പ്രതികളുടെ സ്ഥാപനമായ ഐസിഎംഎസ് പവര്‍ ആന്‍ഡ് കണക്ടിന്റെ പേരിലാണു ചെക്ക് നല്‍കിയതെന്നു സാക്ഷി മൊഴി നല്കി. തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. തട്ടിപ്പിന് ഇരയായ ടി സി മാത്യു നേരിട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് കേസെടുത്തത്.


