തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ള കുട്ടിയെ വിമര്‍ശിച്ച് കെ എസ് യു. മോദി അനുകൂലികളായ അവസരവാദി ‘അബ്ദുള്ളക്കുട്ടിമാരാണ്’ പലപ്പോഴും മതേതര ഭാരതത്തിന് കളങ്കം ചാർത്താൻ കൂട്ടുനിൽക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഫേസ് ബുക്കിൽ കുറിച്ചു. അപ്പക്കഷണങ്ങൾക്ക് വേണ്ടി ചാഞ്ചാടാൻ മനസ്സുകാണിക്കുന്ന ഇത്തരക്കാരെ എടുത്തു പുറത്തിടുക എന്നതാണ് ഏറ്റവും മികച്ച പരിഹാരക്രിയയെന്നും അഭിജിത്ത് പറഞ്ഞു.
അബ്ദുള്ളക്കുട്ടിക്കെതിരെ കെപിസിസി അംഗം എ എം രോഹിത്തും രംഗത്തെത്തിയിരുന്നു. അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ള മോദി ഭക്തരെ ഒരു നിമിഷം പോലും കോൺഗ്രസിൽ വച്ചുപുലർത്തരുതെന്നും എത്രയും പെട്ടെന്ന് പുറത്തുകളയണമെന്നും എഎം രോഹിത് ഫേസ്ബുക്കിലൂടെ പറഞ്ഞു. കോൺഗ്രസ് പാരമ്പര്യം മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും പറയുവാനോ എഴുതുവാനോ സാധിക്കില്ലെന്നും എഎം രോഹിത് വ്യക്തമാക്കി.