ഹൈദരാബാദ്: കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വ്യാജ ഒപ്പിട്ട നിയമനരേഖയുടെ പകർപ്പു കാണിച്ച് നിയമനം വാഗ്ദാനം ചെയ്ത് 2.17 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു ഉൾപ്പെടെ 9 പേർക്കെതിരെ കേസ്.

കോടതിയുടെ ഉത്തരവനുസരിച്ച് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, ഇതുമായി തനിക്കു ബന്ധമില്ലെന്നും നിയമപരമായി നേരിടുമെന്നും മുരളീധർ റാവു അറിയിച്ചു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫാർമ എക്സിലിന്റെ ചെയർപഴ്സനായി തന്റെ ഭർത്താവിനെ നിയമിക്കാമെന്നു വാഗ്ദാനം ചെയ്തു മുരളീധര റാവുവും മറ്റും പണം തട്ടിയതായി ഒരു സ്ത്രീയാണ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്.
പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് ബിജെപി തെലങ്കാന ഘടകത്തിന്റെ വക്താവ് കൃഷ്ണ സാഗർ റാവു വ്യക്തമാക്കി.
നിർമല സീതാരാമൻ ഒപ്പിട്ട നിയമനരേഖയുടെ കോപ്പി കാണിച്ച ശേഷമാണ് പണം കൈമാറിയതെന്നും പറയുന്നു. നിയമനം വൈകിയപ്പോൾ ഈശ്വർ റെഡ്ഡിയെയും മറ്റു സമീപിച്ചപ്പോൾ മുരളീധർ റാവു ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.


