തിരുവനന്തപുരം: സിപിഐഎം ദേശീയ പാര്‍ട്ടിയായി തന്നെ തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. യാതൊരു ആശങ്കയുമില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. എ കെ ബാലന് പറഞ്ഞ് പര്‍വതീകരിച്ച് കാണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് ദേശീയ പദവി നഷ്ടമാകുമെന്നും ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്നും എ കെ ബാലന് പറഞ്ഞിരുന്നു.
കല്‍പ്പറ്റ വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ വ്യക്തമായി ആ കുടുംബത്തോടൊപ്പമാണെന്നും എം വി ഗോവിന്ദന് പ്രതികരിച്ചു. കേസില്‍ കാലതാമസം വരരുതായിരുന്നുവെന്നും അതുകൊണ്ടാണ് നടപടി എടുത്തതെന്നും മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തതില്‍ എം വി ഗോവിന്ദന് പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മൂന്ന് പേരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി കെ, സെക്ഷന്‍ ഓഫിസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കാണ് സസ്പെന്ഷന്. പെര്‍ഫോമ റിപ്പോര്‍ട്ട് സിബിഐക്ക് നല്കാന് വൈകിയതിലാണ് നടപടി.