ലഖ്നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ഇതുസംബന്ധിച്ച ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന പ്രതികരണം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് മാധ്യമ പ്രവര്ത്തകന് ചോദിച്ചപ്പോള്‍ ”എന്തുകൊണ്ട് ഇല്ല” എന്ന് അവര്‍ പ്രതികരിച്ചു. ചോദ്യം ആവര്‍ത്തിച്ചതോടെയാണ് അവര്‍ വ്യക്തമായ ഉത്തരം നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ വിമര്‍ശിച്ച മായാവതിക്കും പ്രിയങ്ക മറുപടി നല്കി. കോണ്‍ഗ്രസ് ആരെയും കബളിപ്പിക്കില്ല. നല്കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ട്. കബളിപ്പിക്കുന്നവരാകാം അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.


