ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്ന പറഞ്ഞ ഭിന്നശേഷിക്കാരന് ബിജെപി നേതാവിന്റെ ക്രൂര മര്‍ദ്ദനം. ഭിന്നശേഷിക്കാരനായ മനോജ് ഗുജ്ജര്‍ എന്ന ഇരുപത്തിരണ്ടുകാരനെ ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് മുഹമ്മദ് മിയയാണ് ക്രൂരമായി മര്‍ദ്ദിച്ചത്.
ഉത്തര്‍പ്രദേശിലെ സാംബല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു സംഭവം. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റില്‍ എത്തിയ മിയ അടക്കമുള്ള ബിജെപി നേതാക്കളെ കണ്ടതും താന്‍ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് മാത്രമായിരിക്കും വോട്ട് ചെയ്യുകയെന്ന് മനോജ് ഗുജ്ജര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇതില്‍ പ്രകോപിതനായ മിയ വാഹനത്തിനുളളില്‍നിന്ന് വടിയെടുത്ത് ഗുജ്ജറിനെ അടിക്കുകയും വായില്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, വീഡിയോ വൈറലായതോടെ ന്യായീകരണവുമായി മുഹമ്മദ് മിയ രംഗത്തെത്തിയിട്ടുണ്ട്. മദ്യപിച്ചെത്തിയ ഗുജ്ജര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മോശം വാക്കുകളാല്‍ അധിക്ഷേപിച്ചുവെന്ന് മിയ ആരോപിച്ചു. ഇതില്‍ പ്രകോപിതനായാണ് അയാളെ മര്‍ദ്ദിച്ചതെന്നും ബിജെപിയെ അപമാനിക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും മിയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഗുജ്ജറിനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.


