ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി (66) ചല്ഹിയില് അന്തരിച്ചു. എയിംസില്‍ ശനിയാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സ തേടി തിരിച്ചെത്തിയ ജെയ്റ്റ്ലിയെ ശ്വാസതടസത്തെ തുടര്‍ന്നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.
ഒന്നാം മോദി സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി മോദിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമയത്ത് ജെയ്റ്റ്ലി ആയിരുന്നു ധനമന്ത്രി. മൂന്നാം വാജ്പേയി മന്ത്രിസഭയില്‍ (1999-2004) നിയമമന്ത്രിയായിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് (2009-2014) രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.