കൊച്ചി: കേരളത്തിലും ബിജെപി ഭരണത്തില്‍ വരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ചെങ്ങന്നൂരിലെ ബിജെപി പ്രചരണത്തില്‍ പങ്കെടുക്കുവാനെത്തിയതാണ് ദേവ്.വൈകിട്ട് മൂന്നിന് മാന്നാറിവും 6ന് ചെറിയനാടും നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.കൊച്ചിയിലെത്തിയ ബിപ്ലവ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കും.
ത്രിപുര മുഖ്യമന്ത്രിയായതിനുശേഷം വിവാദങ്ങളുടെ അക്കൗണ്ട് തുറന്നു ദിവസവും നിക്ഷേപം നടത്തുന്ന ബിപ്ലവ്കുമാര്‍ ദേബിന്റെ പ്രസ്താവനകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് ലഭിക്കാറ്. ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയെന്നായിരുന്നു ബിപ്ലവ്കുമാര്‍ അവസാനം വിളമ്പിയ മണ്ടത്തരം.
1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര് ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര മുഖ്യന് നോബല്‍ സമ്മാനമാക്കിയത്.
സിവില്‍ സര്‍വീസില്‍ സിവില്‍ എന്‍ജിനീയര്‍മാരെയാണു വേണ്ടതെന്നും മഹാഭാരതകാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് വാര്‍ത്താവിനിമയവും ഉണ്ടായിരുന്നെന്നും അടുത്തയിടെ ബിപ്ലവ് അഭിപ്രായപ്പെട്ടിരുന്നു. ഡയാന ഹെയ്ഡനു ലോക സുന്ദരിപ്പട്ടം നല്‍കിയതിനെ വിമര്‍ശിച്ച ബിപ്ലബ് പിന്നീടു ക്ഷമചോദിക്കുകയും ചെയ്തു. നേതാക്കള്‍ മാധ്യമങ്ങള്‍ക്കു മസാല വിളമ്പരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നെങ്കിലും ബിപ്ലവ് പലപ്പോഴും ഇത് തുടര്‍ന്നു.


