ബംഗളൂരു: കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയും നടിയുമായ സുമലതയ്ക്കു ബിജെപി പിന്തുണ നല്‍കും. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലത അംബരീഷിന് മാണ്ഡ്യയില്‍ പിന്തുണ നല്കാന് ബിജെപി തീരുമാനിച്ചു. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഉണ്ടാകില്ല. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

നേരത്തെ ബിജെപി നേതാവ് എസ്.എം കൃഷ്ണയുമായി സുമലത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബിജെപിക്കൊപ്പം ചേരുകയാണെന്ന അഭ്യൂഹങ്ങള്‍ക്കും ഇത് കാരണമായിരുന്നു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയാണ് സുമലതയുടെ എതിരാളി. കോണ്‍ഗ്രസിന്റെയും ജെഡിഎന്റെയും ശക്തികേന്ദ്രമാണ് മാണ്ഡ്യ.
ബുധനാഴ്ചയാണ് സുമലത പത്രിക സമര്‍പ്പിച്ചത്. പിന്നാലെ നടന്ന റോഡ് ഷോയിലും ജൂബിലി പാര്‍ക്കിലെ മെഗാ റാലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്. നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് പാര്‍ട്ടി പതാകയുമേന്തി സുമലതക്ക് ജയ് വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും റാലിക്കെത്തി.


