തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്ര കുമാറിന് ജയം. 89 വോട്ട് നേടിയാണ് വീരേന്ദ്ര കുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വീരേന്ദ്ര കുമാര്‍ മത്സരിച്ചത്. അതേസമയം എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി. യു.ഡി.എഫിന്റെ ബി. ബാബു പ്രസാദിന് 40 വോട്ടുകളാണ് ലഭിച്ചത്. 2017 ഡിസംബര്‍ 20ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫിന്റെ പരാതി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് അല്പം വൈകിയായിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്. വൈകിട്ട് 5.55ന് ആരംഭിച്ച വോട്ടെണ്ണല്‍ 6.15ഓടെ അവസാനിച്ചു.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികള്‍ തങ്ങളുടെ പോളിംഗ് ഏജന്റുമാരെ നിയമിച്ചില്ലെന്ന് കാട്ടി യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. സി.പി.ഐ, ജെ.ഡി.എസ്, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ ഏജന്റുമാരെ നിയമിച്ചിട്ടില്ലെന്നും ഇവരുടെ വോട്ട് എണ്ണരുതെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഓരോ അംഗവും ചെയ്യുന്ന വോട്ട് അതത് പാര്‍ട്ടികള്‍ പോളിംഗ് സ്റ്റേഷനില്‍ നിയമിക്കുന്ന ഏജന്റുമാരെ കാണിക്കണമെന്നാണ് ചട്ടം. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഓപ്പണ്‍ വോട്ട്.
എന്നാല്‍ പോളിംഗ് ഏജന്റിനെ വയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളിയിരുന്നു. വോട്ട് ഒരാളുടെ മൗലികാവകാശമല്ലെന്നും ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നില്ലെന്നും വരണാധികാരി വ്യക്തമാക്കി. എല്‍.ഡി.എഫിന് വോട്ട് റദ്ദാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.