തിരുവനന്തപുരം: ഭരണഘടനാ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് പിന്തുണയുമായി സിപിഎം. മന്ത്രി രാജി വെക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം തള്ളി ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു പ്രസംഗത്തിന്റെ വിവാദ ഭാഗം.


