സ്ത്രീധനത്തിൻ്റെ പേരില്‍ ഭർത്താവ് കിരണിൽ നിന്നും ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്ന് മനസ്മടുത്ത് ആത്മഹത്യ ചെയ്ത വിസ്മയ എല്ലാവരിലും നൊമ്പരമുള്ള ഓര്‍മയായി മാറുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്ൻ്റെ ഫേസ്ബുക്കില്‍ സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനുമെതിരെ പ്രതികരിച്ചിരിക്കുകയാണ്. കല്യാണം കഴിപ്പിച്ചു അയക്കാന്‍ വേണ്ടി വളര്‍ത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെണ്‍കുട്ടികളോടുള്ള സമൂഹത്തിൻ്റെ സമീപനമെന്നും ഈ പതിവ് സമൂഹത്തില്‍ നിന്ന് മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് തീരുമാനത്തോടുമ പ്രതിപക്ഷം പൂര്‍ണമായും സഹകരിക്കുമെന്നും സതീശന് പറഞ്ഞു. സംഭവത്തിൽ നിരവധി പേർ പ്രതികരണവുമായി എത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീടുകളില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍ കേരളത്തിന് അപമാനമാണ്. പതിറ്റാണ്ടുകളായി നമ്മുടെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ദുരഭിമാനം തുടച്ചു കളയാതെ ഇതിനു ശാശ്വത പരിഹാരമില്ല. കല്യാണം കഴിപ്പിച്ചു അയക്കാന്‍ വേണ്ടി വളര്‍ത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെണ്‍കുട്ടികളോടുള്ള നമ്മുടെ സമീപനം. ഈ ലോകത്തിന്റെ ശരി തെറ്റുകള്‍ മനസ്സിലാക്കുന്നതിനു മുന്നേ, സാമ്ബത്തികമായി സ്വയം പര്യാപ്തമാവുന്നതിനു മുന്‍പേ അപരിചിതമായ ഒരു വീട്ടിലേക്കു പോവുന്ന അവള് പിന്നീട് അവളുടെ ജീവിതം മുഴുവന്‍ സഹിക്കാനും ക്ഷമിക്കാനും വിധിക്കപ്പെട്ടവളാവുന്നു. സഹിക്കാന്‍ കഴിയാത്ത പീഡനം അനുഭവിക്കുമ്ബോഴും കുടുംബത്തിന്റെ അഭിമാനം കാക്കേണ്ട ബാധ്യതയായി ആ ദാമ്ബത്യം മാറുകയാണ്. അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം എന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണം. ഒരു വിവാഹം തെറ്റായ ഒരു തീരുമാനം ആയിരുന്നെങ്കില്‍ അത് തിരുത്തുന്നവളോട് മുന്‍വിധിയില്ലാതെ ഇടപഴകുന്ന സമൂഹവും, ആത്മാഭിമാനത്തോടെ പടിയിറങ്ങാന്‍ സഹായിക്കുന്ന നിയമസംവിധാനവും വേണം. നമ്മള് മാറിയില്ലെങ്കില്‍ ഹാഷ്ടാഗുകളിലെ പേര് മാത്രമേ മാറുകയുള്ളുവെന്ന് മനസ്സിലാക്കണം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ശരിയായ നടപടികളെ ഞങ്ങള്‍ പിന്തുണയ്ക്കും. ഇനിയും വിസ്മയമാര്‍ ഉണ്ടാവാതെയിരിക്കട്ടെ . മാപ്പ്, സോദരി!!