കൊച്ചി: പാണക്കാട് തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികളൊക്കെ കെപിഎ മജീദ് അറിയണമെന്നില്ലന്ന് മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സിലംഗവും മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ സഹോദരനും മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലുമായ വി.കെ ബീരാന്. ഇബ്രാഹിം കുഞ്ഞിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്, കെപിഎ മജീദ് പരാതിയെ കുറിച്ച് അറിയണമെന്നില്ല. ലീഗില്‍ പാണക്കാട് തങ്ങളാണ് സുപ്പീരിയറെന്നും ബീരാന് പറഞ്ഞു. നിരന്തരം ഇബ്രാഹിം കുഞ്ഞിനെതിരെ പരാതി ഉയര്‍ന്നതോടെ സംസ്ഥാന നേതൃത്വത്തോട് ജില്ലാ നേതൃത്വം അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം ഡോ.എം.കെ മുനീറും രണ്ടത്താണിയും അടങ്ങുന്ന രണ്ടംഗ കമ്മീഷനെ തങ്ങള്‍ ചുമതലപ്പെടുത്തി. എന്നാല്‍ അത്തരം പരാതിയില്ലന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രതികരണം. കെപിഎ മജീദിന്റെ പ്രസ്ഥാവന തള്ളുന്നതാണ് ഇബ്രാഹിം കുഞ്ഞിന്റെ സഹോദരന് കൂടിയായ വികെ ബീരാന്റെ പ്രതികരണം.
പാലാരിവട്ടം പാലം അഴിമതിക്ക് പിന്നാലെയാണ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് കള്ളപണം നിക്ഷേപിച്ചെന്ന ആരോപണം ഇബ്രാഹിം കുഞ്ഞിനെതിരെ ഉയരുന്നത്. ഇതിന് പിന്നാലെ പരാതിക്കാരനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയും ഉയര്‍ന്നതോടെയാണ് ഇബ്രഹിംകുഞ്ഞിനെതിരെ നടപടി വേണമെന്ന ആവശ്യം എറണാകുളം ജില്ലാ കമ്മറ്റിയില്‍ ശക്തമായത്. തുടര്‍നടപടി ആലോചിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് ഒഴിവാക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് മുയിനലി തങ്ങള്‍ കൊച്ചിയിലെത്തി ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.


