പാല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് – എമ്മിന്റെ പിന്തുണ യു ഡി എഫിന്. ഉപസമിതി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്മാന് കെ എം മാണിയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.പാലായില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. വര്‍ഗീയതയെ നേരിടാനാവുക പ്രാദേശികക്ഷികള്‍ ഉള്‍പ്പെടുന്ന മുന്നണിക്കാണെന്ന സാഹചര്യത്തിലാണ് പിന്തുണ യു.ഡി.എഫിനു നല്‍കുന്നതെന്ന് കെ.എം മാണി അറിയിച്ചു.
അതേസമയം മുന്നണി പ്രവേശം ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്നും മാണി വ്യക്തമാക്കി.വ്യാഴാഴ്ച ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് യോഗം ചേരുമെന്നും ഈ സമ്മേളനത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ സ്വാഗതം ചെയ്യുമെന്നും മാണി അറിയിച്ചു.
ഇന്നലെ യു ഡി എഫ് നേതാക്കള്‍ പാലായില്‍ കെ എം മാണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നത്തെ ഉപസമിതി തീരുമാനം.
കേരളാ കോണ്‍ഗ്രസിനെ യു ഡി എഫില്‍ തിരികെ എത്തിക്കുന്നതിനായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് തുടക്കം മുതല്‍ ശ്രമം നടത്തിയിരുന്നത്. കഴിഞ്ഞ നാല് മാസമായി ഡല്‍ഹിയില്‍ കേരളത്തില്‍ നിന്നുള്ള 3 കോണ്‍ഗ്രസ് എം പിമാരും ജോസ് കെ മാണിയും കുഞ്ഞാലിക്കുട്ടിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.തുടര്‍ന്ന് എ ഐ സി സി നേതാവ് ജോസ് കെ മാണിയുമായി ഫോണിലും ചര്‍ച്ച നടത്തി.ഇതിന് പിന്നാലെയാണ് പാലായില്‍ മുന്നണി നേതാക്കള്‍ മാണിയെ കണ്ടത്.
ഈ ചര്‍ച്ചയില്‍ യു ഡി എഫിന് പരസ്യ പിന്തുണ തന്നെ പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം ഇന്നത്തെ ഉപസമിതി യോഗത്തില്‍ താന്‍ മുന്നോട്ട് വയ്ക്കാമെന്ന് ജോസ് കെ മാണി ഉറപ്പ് നല്കി. അത് ഇന്നത്തെ യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ വച്ച് കുഞ്ഞാലിക്കുട്ടിയുടെയും കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയുടെയും സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധി ജോസ് കെ മാണിയുമായി സംസാരിച്ചിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ പരാതികള്‍ കേട്ട രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ പരിഹരിക്കുമെന്ന് ജോസ് കെ മാണിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അനുരഞ്ജനത്തിന് വഴി തുറന്നത്.
പിണറായി..എല്ലാം ശരിയാക്കുമെന്നു തന്നെ ആയിരുന്നു മാണിയുടെ വിശ്വാസം. ഏറെക്കുറെ അത് പുരോഗമിക്കുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പോലും സി പി ഐയും വി എസ് അച്യുതാനന്ദനും പരസ്യമായി തള്ളിപ്പറഞ്ഞതും തിടുക്കത്തിലുള്ള മാണിയുടെ മടക്കത്തിന് കാരണമായി.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടുള്ള നിലപാടില്‍ മാണി മാറ്റം വരുത്തിയിട്ടില്ലെന്ന വ്യക്തമായ ചില സൂചനകളും കൂടിക്കാഴ്ചയില്‍ ഉണ്ടായി.


