ചെന്നൈ : ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരെ തമിഴ്നാട് ആരംഭിച്ച പ്രതിഷേധത്തിന് കരുത്ത് പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെന്നെയിലെത്തി. പ്രതിഷേധം ദേശീയ പ്രസ്ഥാനമായി വളര്‍ന്നെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് പറഞ്ഞു. സംയുക്ത കര്‍മ സമിതി രൂപീകരിക്കാന്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ സഹകരിക്കുന്ന കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാള്‍, പഞ്ചാബ് നേതാക്കളെ അദ്ദേഹം സ്വാഗതം ചെയ്ത അദ്ദേഹം ലക്ഷ്യം കൈവരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ച് ഗിണ്ടിയിലെ ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഇന്ന് വിശദീകരിക്കും.
തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ബിജു ജനതാദള്‍ (ബിജെഡി) നേതാവ് നവീന്‍ പട്നായിക്, വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മിഥുന് റെഡ്ഡി എന്നിവരും നഗരത്തിലെത്തി. ആന്ധ്ര എന്‍ഡിഎ അംഗമായ ഉപമുഖ്യമന്ത്രി പവന് കല്യാണിന്റെ ജനസേന പാര്‍ട്ടി പ്രതിനിധിയും യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി, ആര്‍എസ്പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന് എംപി, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവര്‍ പങ്കെടുക്കും. ജനരോഷം തിരിച്ചുവിടാന്‍ ഡിഎംകെ നടത്തുന്ന നാടകമാണ് യോഗമെന്നു പറഞ്ഞ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ, പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ക്കു മുന്നില്‍ കരിങ്കൊടി വീശി പ്രതിഷേധിക്കുമെന്നും അറിയിച്ചു.