തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സര്‍ക്കാര്‍ ജീവനക്കാര്‍ യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ പ്രചരണത്തില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്.

രാഷ്ട്രീയവുമായി ബന്ധപ്പട്ട കുറിപ്പുകള്‍ സ്വന്തമായി എഴുതിയിടാനോ മറ്റുള്ളവരുടേത് പങ്കുവയ്ക്കുവാനോ പാടില്ല. ആരെങ്കിലും പരാതിപ്പെട്ടാലോ തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ കണ്ടെത്തിയാലോ സസ്പെന്‍ഡ് ചെയ്യുമെന്നും കമ്മീഷന് വ്യക്തമാക്കി. കൂടാതെ, ഉദ്യോഗസ്ഥരും ജീവനക്കാരും പ്രചാരണത്തിന് ഇറങ്ങരുത്. പോളിംഗ്-കൗണ്ടിംഗ് ഏജന്റുമാരാവാന് പോകുന്നതിനും ഇത്തവണ വിലക്കുണ്ട്. പാര്ട്ടിയോഗങ്ങളില് പങ്കെടുക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


