ഇടുക്കിയിലെ കര്‍ഷകരുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഇടുക്കി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇതിനായി ഇടുക്കിയുടെ സമസ്തമേഖലയെയും ഉള്‍പ്പെടുത്തി സമഗ്ര വികസന പദ്ധതിക്ക് രൂപം നല്‍കും. തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ നേതൃത്വത്തില്‍ തന്നെ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മഹാപ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ 50,000 ഹെക്ടററിലേറെ കൃഷിഭൂമി ഇല്ലാതായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്. ഏറ്റവും പരിമിതമായ 10,000 രൂപയുടെ സഹായം പോലും കിട്ടാത്ത ആയിരക്കണക്കിനാളുകള്‍ ഇവിടെയുണ്ട്. ഇവര്‍ നിത്യേനയെന്നോണം വില്ലേജ് ഓഫിസുകള്‍ കയറിയിറങ്ങി നരകിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി, വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ പോകണമെങ്കില്‍ ഇടുക്കി ജില്ലക്കാര്‍ക്ക് മൈലുകള്‍ താണ്ടേണ്ട അവസ്ഥയുണ്ട്. അതുകൊണ്ട് പരിമിതമായ ധനസഹായം പോലും ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തികച്ചും പ്രതിഷേധാര്‍ഹമായ ഈ അവസ്ഥയിലും സര്‍ക്കാര്‍ നിലപാട് നിഷേധാത്മകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
പ്രളയം ഒരു മനുഷ്യനിര്‍മ്മിത ദുരന്തമായിരുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ഡാം മാനേജ്മെന്റില്‍ സംഭവിച്ച ഗുരുതര വീഴ്ചയാണ് ഈ മഹാദുരന്തത്തിന് നിദാനമായത്. എന്നാല്‍ ഇതേ പറ്റി നിരുത്തരവാദിത്വപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
നോട്ട് നിരോധനം എന്ന ഭ്രാന്തന് നടപടി വഴിയായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇടുക്കിയുടെ സാമ്പത്തിക രംഗത്തെ പാടെ തകര്‍ത്തിരുന്നു. പിന്നാലെ എത്തിയ ജി എസ് ടി ചെറുകിട , ഇടത്തരം ബിസിനസ് മേഖലയുടെ നിലനില്പ് തന്നെ അവതാളത്തിലാക്കി. ഇതിനെ തുടര്‍ന്ന് പ്രകൃതിദുരന്തവും സംഭവിച്ചത് ഇടുക്കിയ്ക്ക് താങ്ങാനാകാത്തതായി. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ജോസഫ് എന്ന കര്ഷകന് കടക്കെണി മൂലം വൃക്ക വില്പനയ്ക്ക് വെച്ച ദയനീയ സാഹചര്യം ഇവിടെയുണ്ടായി. ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷകരുടെ അവസ്ഥ ഇതാണെന്ന് ഡീന്‍ പറഞ്ഞു. നൂറ് രൂപ തികച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടുക്കി ജില്ലയിലെ മിക്ക കര്‍ഷകരും.
ഇടുക്കി പാക്കേജ് എന്ന പേരില്‍ 5000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കര്‍ഷകരുടെ സ്ഥിതി അനുദിനം മോശമാവുകയാണ്. 5000 കോടി രൂപയുടെ പദ്ധതി ഒരു അത്ഭുതം തന്നെയാണെന്ന് ഡീന്‍ കുര്യാക്കോസ് വിശേഷിപ്പിക്കുന്നു. കാരണം ഇതിനുള്ള പണം എങ്ങിനെ കണ്ടെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുന്നില്ല.
എം പി ആയാല്‍ കര്‍ഷകരുടെ ദുരിത നിവാരണത്തിന് അവരോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണമായിരിക്കും ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമെന്നും ഇടുക്കിയില്‍ നിന്ന് രണ്ടാം വട്ടം ജനവിധി നേടുന്ന ഡീന്‍ പറഞ്ഞു.