തിരുവനന്തപുരം: ശബരിമല സമരത്തിന് പിന്നിൽ സവർണലോബിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സവർണ സര്വാധിപത്യത്തിന് കുട പിടിക്കേണ്ട ആവശ്യം എസ്.എൻ.ഡി.പിക്ക് ഇല്ല. ശബരിമല വിഷയത്തിൽ സർക്കാറിന് അപചയം സംഭവിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ ജനങ്ങളെ മണ്ടൻമാരാക്കുകയാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി സമരത്തിന് പിന്നിൽ സവർണ ലോബിയാണെന്നും ആരോപിച്ചു.
ശബരിമലയെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ അവസാനഭാഗമാണ് അയ്യപ്പസംഗമം. ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിലപാടില്ല. യഥാർത്ഥ നഷ്ടം സംഭവിക്കുന്നത് യു.ഡി.എഫിനായിരിക്കും. എൻ.എസ്.എസ് അണികൾ ഭൂരിഭാഗവും ബി.ജെ.പിക്കാരാണ്. സമദൂരമെന്ന് പറയുമ്പോഴും അതിനുള്ളിൽ എൻ.എസ്. എസിന് മറ്റൊരു ദൂരമുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ശബരിമല വിഷയത്തിൽ സർക്കാറിന് തെറ്റ് പറ്റിയിട്ടില്ല. യുവതീ പ്രവേശനത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ബുദ്ധിയാണെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

