ദില്ലി: എന്‍ഡിഎ വിട്ട മുന്‍ കേന്ദ്ര മന്ത്രിയും ബീഹാറില്‍നിന്നുള്ള രാഷ്ടീയ ലോക് സമത പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുശ്വാഹ യു പി എയില്‍ ചേര്‍ന്നു. ഉപേന്ദ്ര കുശ്വാഹയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ആര് ജെ ഡിയും രംഗത്തെത്തി.
എന്‍ ഡി എയില്‍നിന്ന് പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് അദ്ദേഹം യു പി എയില്‍ ചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ രക്ഷിക്കാനുള്ള ജനങ്ങളുടെ സഖ്യമെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. മഹാ സഖ്യത്തിനുള്ള ചുവട് വയ്പ് ബിഹാറില്‍ നിന്ന് തുടങ്ങിയെന്നും തേജസ്വി യാദവ് പറഞ്ഞു.
ഉപേന്ദ്ര കുശ്വാഹ സഖ്യത്തിനൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് ലീഡര്‍ അഹമ്മദ് പട്ടേല്‍ പറഞ്ഞു. പക്വതയുള്ള നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നു കഴിഞ്ഞെന്നും അടുത്ത വര്‍ഷം പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയ്ക്ക് പകരം വയ്ക്കാന്‍ രാഹുലിനെ തെരഞ്ഞെടുക്കാമെന്നും കുശ്വാഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

