ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവ് വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം അപേക്ഷിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ പ്രതിയായ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. കീഴടങ്ങാന്‍ മുപ്പത് ദിവസത്തെ സമയം കൂടി തരണമെന്നാണ് സജ്ജന്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്.
ഡിസംബര്‍ 31ന് കീഴടങ്ങാനാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് ജനുവരി 31 വരെ നീട്ടണമെന്നാണ് സജ്ജന്‍ കുമാറിന്റെ അഭ്യര്‍ത്ഥന. തനിക്ക് മൂന്നു മക്കളും എട്ട് കൊച്ചുമക്കളുമുണ്ടെന്നും സ്വത്തുക്കളുടെ കാര്യത്തില്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്നുമാണ് സജ്ജന്‍ കുമാര്‍ തന്റെ അപേക്ഷയില്‍ പറയുന്നത്.
അതുകൂടാതെ, ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും സജ്ജന്‍ കുമാറിന്റെ അഭിഭാഷകന് അനില്‍ ശര്‍മ്മ വ്യക്തമാക്കി. എന്നാല്‍ കലാപത്തിന്റെ ഇരകളായവര്‍ സജ്ജന്‍ കുമാറിന് കീഴടങ്ങാന്‍ ഒരുമാസം കൂടുതല്‍ അനുവദിക്കുന്നതിനെതിരാണെന്ന് മുതിര്‍ന്ന അഭിഭാഷകന് എച്ച് എസ് ഫൂല്‍കെ പറഞ്ഞു.
സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍നിന്നും സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് നല്കിയ അപ്പീലുകളിലാണ് ഡല്‍ഹി ഹെക്കോടതി വിധി പറഞ്ഞത്. വിചാരണ കോടതി വിധിക്കെതിരെ സി.ബി.ഐയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമാണ് അപ്പീല്‍ നല്‍കിയത്.
ഡല്‍ഹി കന്റോണ്‍മെന്റ് മേഖലയിലെ രാജ് നഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ 2013ലാണ് സജ്ജന്‍കുമാറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. അതേസമയം കേസില്‍ മറ്റു അഞ്ച് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു.
ജസ്റ്റിസ് എസ്. മുരളിധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ക്രിമിനല്‍ ഗൂഢാലോചന നടത്തുക, ശത്രുത പ്രോത്സാഹിപ്പിക്കുക, മതസൗഹാര്‍ദ്ദത്തിനെതിരായി പ്രവര്‍ത്തിക്കുക എന്നീ ആരോപണങ്ങളാണ് സജ്ജന്‍ കുമാറിനെതിരെ ചുമത്തിയിരുന്നത്.


