തിരുവനന്തപുരം: രോഗബാധിതനായി കഴിയുന്ന പിതാവിനെ കാണാന്‍ സുപ്രീംകോടതിയുടെ അനുവാദം ലഭിച്ച പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ബെംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് 1.30-ഓടെയാണ് അദ്ദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെനിന്ന് കൊല്ലം ശാസ്താംകോട്ട അന്‍വാര്‍ശ്ശേരിയിലെ വീട്ടിലേക്ക് റോഡ് മാര്‍ഗം എത്തും.
പാര്‍ട്ടി നേതാക്കളും അടുത്ത ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവര്‍ കൊല്ലത്തേക്ക് ഇദ്ദേഹത്തെ അനുഗമിക്കും. അന്‍വാര്‍ശ്ശേരിയിലെത്തി പിതാവിനൊപ്പം ഏതാനും ദിവസം തങ്ങാനും ശേഷം ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിക്കാനുമാണ് തീരുമാനം. മഅദനി കുടുംബവീട്ടിലുമെത്തും. ആരോഗ്യകാരണങ്ങളാല്‍ ഏതാനും ദിവസത്തേക്ക് മഅദനിയെ സന്ദര്‍ശിക്കുന്നത് വിലക്കിയിട്ടുണ്ട്.
2008-ലെ ബെംഗളൂരു സ്ഫോടനക്കേസില്‍ മഅദനിക്ക് സ്വന്തംനാടായ കൊല്ലത്തുവന്ന് താമസിക്കാന്‍ സുപ്രീംകോടതി അനുമതിനല്‍കിയിരുന്നു. വിചാരണ തീരുംവരെ മഅദനി ബെംഗളൂരുവില്‍ത്തന്നെ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. മഅദനി 15 ദിവസം കൂടുമ്പോള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്ട്ടുചെയ്യണമന്നും കോടതി നിര്‍ദേശിച്ചിരുന്നു.


