കൊച്ചി: പാര്‍ട്ടി പറയുന്നത് എവിടെയായാലും മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എറണാകുളം മണ്ഡലത്തിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തേ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് കണ്ണന്താനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍, സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയ്ക്കായി രംഗത്തെത്തിയതോടെ മണ്ഡലത്തില്‍ കണ്ണന്താനത്തിനുള്ള സാധ്യത മങ്ങി.
എറണാകുളത്ത് തന്നെ പരിഗണിക്കുന്നെന്ന കാര്യം മാധ്യമങ്ങളിലൂടെ മാത്രമേ അറിഞ്ഞിട്ടുള്ളൂവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
‘മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. എനിക്ക് രാജ്യസഭയില്‍ മൂന്നു വര്‍ഷം ബാക്കിയുണ്ട്. എന്നാല്‍, കേരളത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് പാര്‍ട്ടിയാണ്. മത്സരിക്കുകയാണെങ്കില്‍ എന്റെ സ്വന്തം മണ്ഡലം (പത്തനംതിട്ട) കിട്ടിയാല്‍ നല്ലതെന്ന് ഞാനുമറിയിച്ചു. അത് കിട്ടില്ല. അപ്പോള്‍, എവിടെയാണെന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ചോളാന്‍ പറഞ്ഞു. പാര്‍ട്ടി പറയുന്നത് അനുസരിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍ പറ്റും,’ കണ്ണന്താനം പറഞ്ഞു.


