കൊച്ചി: പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സന്നിധാനത്തെത്തിക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തുന്ന ബിജെപി സര്‍ക്കുലര്‍ പുറത്ത്. ഓരോ ദിവസവും ഓരോ ജില്ലയിലെ പ്രവര്‍ത്തകരെ എത്തിക്കാനാണ് നീക്കം. ഇതിനായി അതാത് ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്. ‘ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനെന്ന’ പേരിലാണ് പ്രവര്‍ത്തകരെ എത്തിക്കുന്നത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍. നിയോജക മണ്ഡലം കമ്മിറ്റികള്‍ക്ക് നല്കിയ സര്‍ക്കുലറില്‍ മണ്ഡലം ഭാരവാഹികള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. യുവ മോര്‍ച്ച പ്രവര്‍ത്തകര്‍, മറ്റ് സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ എത്തിക്കുന്നത് സംബന്ധിച്ച് പട്ടിക നല്‍കണമെന്നും നിയോജക മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെടുന്നു. കുറഞ്ഞത് മൂന്ന് നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഒരു ദിവസം ശബരിമലയിലെത്തണമെന്നാണ് നിര്‍ദേശം. ഡിസംബര്‍ 15 വരെയുള്ള ചുമതലകളാണ് ഈ സര്‍ക്കുലറില്‍ പറയുന്നത്.
പ്രവര്‍ത്തകര്‍ എവിടെയെത്തണം, എവിടെ സംഘടിക്കണം എന്നീ കാര്യങ്ങള്‍ ചുമതലക്കാരന് അറിയിക്കുമെന്നും ചുമതലക്കാരനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറിനോടൊപ്പം സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലെ ബിജെപിസംഘപരിവാര്‍ അക്രമത്തെ തുടര്‍ന്ന് ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് എത്തിക്കാന്‍ നിര്‍ദേശം നല്കുന്ന ബിജെപി സര്‍ക്കുലര്‍.


