തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി സ്ഥാപക നേതാവ് അന്തരിച്ച ആര് ബാലകൃഷ്ണപിള്ളയുടെ വില്പത്രത്തില് തിരിമറി നടന്നെന്ന വിവാദങ്ങള്‍ക്കിടെ, സ്വത്ത് ഭാഗം ചെയ്യലിന്റെ വിവരങ്ങള്‍ പുറത്ത്. മൂന്നു മക്കള്‍ക്കും രണ്ടു ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്തു വീതിച്ചു നല്‍കിയാണു വില്പത്രം തയാറാക്കിയിട്ടുള്ളത്.
എംസി റോഡില്‍ ആയൂരിനു സമീപം 15 ഏക്കര്‍ റബര്‍ത്തോട്ടം മൂത്തമകള്‍ ഉഷ മോഹന്‍ദാസിന് അവകാശപ്പെട്ടതാണെന്നു വില്പത്രത്തില് പറയുന്നു. വാളകം പാനൂര്‍കോണത്ത് അഞ്ച് ഏക്കര്‍ സ്ഥലം ഉഷയുടെ മക്കള്‍ക്കാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉള്‍പ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകള്‍ ബിന്ദുവിനും വാളകത്തെ വീടും സ്കൂളുകളും ഉള്‍പ്പെടുന്ന 5 ഏക്കര്‍ ഗണേഷ്കുമാറിനും അവകാശപ്പെട്ടതാണെന്നും വില്പത്രം പറയുന്നു.
ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ലാറ്റും ഗണേഷിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേഷാണു സ്കൂള്‍ മാനേജരെന്നും വില്പത്രത്തില് പറയുന്നു.
2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വില്പത്രം തയാറാക്കിയതിനു നേതൃത്വം നല്കിയ കേരള കോണ്‍ഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ. പ്രഭാകരന് നായര്‍ അറിയിച്ചു.
അതേസമയം വില്പത്ര വിവാദത്തില്‍ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണനും രംഗത്ത്. വില്പത്രം ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ബിന്ദു പറഞ്ഞു. മരണ ശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ വിഷമമമുണ്ട്. പൂര്‍ണ മനസ്സോടെ സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛന് വില്പത്രം എഴുതിയത്. ഗണേഷ് ഇതില്‍ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് അച്ഛന് ഓര്‍മക്കുറവ് ഉണ്ടായിരുന്നത്. അതിന് മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന് തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് വില്പത്രം തയ്യാറാക്കിയത്. സഹോദരി ഉഷയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും ബിന്ദു പ്രതികരിച്ചു.