കേരളകോണ്‍ഗ്രസ് എമ്മില്‍ നിന്ന് റോഷി അഗസ്റ്റിന് മന്ത്രിയാകും. എന്‍ ജയരാജാണ് ചീഫ് വിപ്പാകുക. കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം ജോസ് കെ മാണി മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് കണ്‍വീനറേയും അറിയിച്ചു.
എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന് ലഭിച്ച മന്ത്രിസ്ഥാനത്തേയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍. ജയരാജിനെയും തീരുമാനിച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ കത്ത് ചെയര്മാന് ജോസ് കെ. മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി.
ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന് അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.
രണ്ട് മന്ത്രിസ്ഥാനം വേണമെന്നായിരുന്നു ആദ്യം കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. പക്ഷേ സിപിഎം വഴങ്ങിയില്ല. അങ്ങനെയാണ് രണ്ട് ക്യാബിനറ്റ് റാങ്ക് എന്ന തീരുമാനത്തിലെത്തിയത്.


