മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീറിനെ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്ന രാഷ്ട്രീയ പ്രമേയം പാസാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് നിലപാട് വ്യക്തമാക്കിയത്. പ്രമേയത്തിലെ പരാമര്‍ശം പിന്‍വലിക്കുന്നതായും നേതൃത്വം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഖേദം പ്രകടിപ്പിക്കല്‍.

യുഡിഎഫിന്റെ ഐക്യം തകര്‍ക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയമെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഘടക കക്ഷിയുടെ സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതിനെതിരെ സംഘടനയ്ക്കുള്ളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രമേയം ലീഗ് അണികള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയതിന് പിന്നാലെയാണ് പ്രമേയത്തെക്കുറിച്ച് ഖേദപ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് എത്തുന്നത്.
ശനിയാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. പി.കെ.കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.


