മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിയ്ക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ഉടന്‍ ആലോചിച്ച് തീരുമാനിയ്ക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി. ഇതോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. 
2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പി ബി അബ്ദുള്‍ റസാഖിനോട് കേവലം 89 വോട്ടിനാണ് സുരേന്ദ്രന് പരാജയപ്പെട്ടത്. തുടര്‍ന്നാണ് 291 പേര് കളളവോട്ട് ചെയ്തെന്ന പരാതിയുമായി സുരേന്ദ്രന് കോടതിയെ സമീപിച്ചത്. എം.എല്‍.എയായിരുന്ന അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെതുടര്‍ന്ന് കേസ് തുടരാന്‍ താല്പര്യമുണ്ടോയെന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. അന്ന് കേസുമായി മുന്നോട്ട് പോകുമെന്നും ഹര്‍ജി പിന്‍വലിയ്ക്കാന്‍ തയ്യാറല്ലെന്നുമായിരുന്നു സുരേന്ദ്രന്റെ നിലപാട്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ലോക്സഭയിലേയ്ക്ക് തൃശ്ശൂരുനിന്ന് മത്സരിക്കാനാണ് സുരേന്ദ്രന്റെ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായാണ് കേസ് പിന്വലിക്കാനൊരുങ്ങുന്നതെന്നാണ് സൂചന.


