മുസ്ലിം ലീഗ് ജില്ലാ ഭാരവാഹിയോഗം അവസാനനിമിഷം മാറ്റി. ലീഗ് സംസ്ഥാന കമ്മിറ്റി ഇടപ്പെട്ടതോടെയാണ് ലീഗ് യോഗം അവസാന നിമിഷം മാറ്റി വച്ചത്. മുസ്ലിം ലീഗ് എറണാകുളം ജില്ലാ ഭാരവാഹികളുടെ യോഗമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇടപെട്ട് മാറ്റി വപ്പിച്ചത്. യോഗത്തില്‍ ഇബ്രാഹിം കുഞ്ഞിനെ തിരെയും മകള്‍ അബ്ദുള്‍ ഗഫൂറിനെതിരെയും പ്രമേയം പാസ്സാക്കാനായിരുന്നു ജില്ലയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്‍ മജീദും സംഘവും തീരുമാനിച്ചിരുന്നത്. ഇത് മുന്‍കൂട്ടികണ്ടാണ് എതിര്‍പക്ഷം അവസാന നിമിഷം യോഗം മാറ്റിവപ്പിച്ചത്. 18 അംഗ ഭാരവാഹികളില്‍ 11 പേരും യോഗത്തിനെത്തിയിരുന്നെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം യോഗം മാറ്റി വച്ചതായി പ്രസിഡണ്ട് അറിയിക്കുകയായിരുന്നു.
ആലുവ, പാലാരിവട്ടം മേല്പാലങ്ങളും പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ 10 കോടിയുടെ സാമ്പത്തിക ഇടപാടുമടക്കം യോഗത്തില്‍ ചര്‍ച്ചയാവും. സാമ്പത്തിക ഇടപാടുകളടക്കം ചൂണ്ടിക്കാട്ടി വി.കെ.ഇബ്രാഹിംകുഞ്ഞിനും മകന് വിഇ അബ്ദുള്‍ ഗഫൂറിനുമെതിരെ 2020 മെയ് 26ന് ലീഗിന്റെ എറണാകുളം ജില്ലാ ഭാരവാഹികള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്കിയ പരാതി യോഗത്തില്‍ ഭൂരിപക്ഷ പ്രകാരം പാസ്സാക്കാനായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ നീക്കം. വിവാദ വിഷയങ്ങളിലെ ചര്‍ച്ച യോഗത്തില്‍ സംഘര്‍ഷത്തിന് കാരണമാകുമെന്നും ഇത് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമെന്നതിനാലാണ് കെ.പി.എ മജീദ് ഇടപെട്ട് യോഗം മാറ്റിവച്ചത്. ജില്ലയുടെ ചുമതലക്കാരനായ അബ്ദുറഹ്മാന് രണ്ടത്താണിയുടെ സൗകര്യാര്‍ത്ഥം പിന്നീട് യോഗംചേരുവാനാണ് തീരുമാനമെന്നറിയുന്നു.
ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് എറണാകുളം സരിത തീയേറ്ററിന് എതിര്‍വശമുള്ള മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലുള്ള സി എച്ച് മുഹമദ് കോയ സ്മാരക ലീഗ് ഹൗസിലാണ് പ്രസിഡണ്ട് കെ എം അബ്ദുള്‍ മജീദിന്റെ അധ്യക്ഷതയില്‍ യോഗം വിളിച്ചിരുന്നത്.


