ദില്ലി: മഹാത്മാഗാന്ധി ഘാതകന് നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശത്തില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യ സിങ് താക്കൂര്‍ മാപ്പ് പറഞ്ഞു. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്നാണ് പ്രഗ്യ സിംഗ് പറഞ്ഞത്. ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്സെ ആണെന്ന കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യ സിംഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം വിവാദമായതോടെ ബിജെപി പ്രഗ്യയ്ക്കെതിരെ രംഗത്തെത്തി. പ്രഗ്യയുടെ ഗോഡ്സെ പരാമര്‍ശത്തില്‍ ബിജെപി അപലപിച്ചതിന് പിന്നാലെ അവരോട് പരസ്യമായി മാപ്പ് പറയാനും നിര്‍ദേശിച്ചതോടെയാണ് മാപ്പ് പറച്ചില്.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായല്ല ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ഥി പ്രഗ്യ സിങ് താക്കൂറിന്റെ പരാമര്‍ശങ്ങള്‍ ബിജെപിയെ കുഴപ്പത്തില്‍ ചാടിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ സാധ്വി പ്രഗ്യാ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് കാലത്തെ വിവാദ പരാമര്‍ശങ്ങള്‍ തുടങ്ങിയത് മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് കൊണ്ടായിരുന്നു.


