തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ വ്യാപക പരാതി. നിലപാട് കടുപ്പിച്ച ഐ ഗ്രൂപ്പ് സംഘടനാ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കിയെന്നും അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേടെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് പരാതി നല്കി. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാമായിരുന്നു, എന്നിട്ടും തഴഞ്ഞെന്നും നേതൃത്വത്തിന് നല്കിയ പരാതിയില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് നിലവില്‍ ഐ ഗ്രൂപ്പില്‍ ധാരണ. കാണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പാര്‍ട്ടി വേദികളിലും പരാതി അറിയിക്കും. ഇതിന് മുന്നോടിയായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നേതാക്കളുമായി കൂടിയാലോചന നടത്തിയെന്നാണ് വിവരം. ഹൈക്കമാന്‍ഡ് നിലപാടിന് വേണ്ടി കാത്തിരിക്കുകയാണ് ഐ ഗ്രൂപ്പ്.
അതേസമയം ഹൈക്കമാന്‍ഡ് തീരുമാനമാണ് നിര്‍ണ്ണായകമെന്നും സൂഷ്മമായി പരിശോധിച്ചശേഷമാണ് തീരുമാനമുണ്ടായതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അബിന്‍വര്‍ക്കിയുമായി സംസാരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അബിന്‍ വര്‍ക്കിയെ വര്‍ക്കിംഗ് പ്രസിഡന്റ് പോലുമാക്കാതെ തഴഞ്ഞത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളുടെ പ്രതിഷേധത്തിന് കാരണമായിട്ടണ്ട്. തനിക്ക് കേരളത്തില്‍ തുടരാനാണ് താല്പര്യമെന്ന് അബിന്‍ വര്‍ക്കി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു.
കോടതി കയറും
ഇതിനിടെ സംഘടനാ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ച് കേരളത്തില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കോടതിയെ സമീപിച്ചവര്‍ തന്നെയാണ് പുതിയ നീക്കത്തിന് പിന്നിലും. ഇവരുടെ കേസില്‍ 2023 യൂത്ത് കോണ്‍ഗ്രസിലേക്ക് നടന്ന അംഗത്വ വിതരണം ക്രമവിരുദ്ധം എന്ന് മൂവാറ്റുപുഴ മുന്‍സിഫ് കോടതി കണ്ടെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് പോലുള്ള ഒരു ജനാധിപത്യ യുവജന സംഘടന, അതിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ പോലും ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏറ്റവും ഉയര്‍ന്ന പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും പിന്തുടരുകയും വേണം. അത്തരമൊരു പ്രക്രിയ നീതിയുക്തവും നീതിയുക്തവും സുതാര്യവുമായിരിക്കണം. ഇവിടെ, തിരഞ്ഞെടുപ്പ് പ്രക്രിയയും യൂത്ത് കോണ്‍ഗ്രസ്സിന്റെ അംഗത്വം നേടുന്നതിനുള്ള പ്രക്രിയയും അനുചിതവും അന്യായവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അംഗത്വത്തിനും തിരഞ്ഞെടുപ്പിനും സംഘടന സ്വീകരിച്ച നടപടിക്രമം നീതിയുക്തവും നീതിയുക്തവുമല്ലെന്നും ഇത് ഇതിലെ വാദികളുടെ പൗരാവകാശത്തെയും സമാനമായ മറ്റ് വ്യക്തികളെയും ബാധിച്ചിട്ടുണ്ടെന്നും കോടതിക്ക് ബോധ്യമുണ്ടെന്നും വിധിയില്‍ പറയുന്നു.
വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിങ്കളാഴ്ചയാണ് അഡ്വ. ഒ ജെ ജനീഷിനെ ചുമതലപ്പെടുത്തിയത്. ബിനു ചുള്ളിയിലിനെ വര്‍ക്കിംഗ് പ്രസിഡന്റായും നിയോഗിച്ചു. കേരളത്തില്‍ ആദ്യമായാണ് യൂത്ത് കോണ്‍ഗ്രസിന് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വരുന്നത്. പിന്നാലെ തന്നെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിക്ക് അധ്യക്ഷ സ്ഥാനം നല്‍കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


