കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസിന് ഐക്യദാര്‍ഢ്യമറിയിച്ച് ക്യാംപെയ്നുമായി യൂത്ത് കോണ്‍ഗ്രസ്. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എസ്ഒഎസ്ഐവൈസിയുടെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 108 രൂപ വീതം സമാഹരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഓക്സിജന്‍ എത്തിച്ച് നല്കിയ ശ്രീനിവാസിനോട് സാമ്പത്തിക സ്രോതസ് ചോദിച്ച പൊലീസ് നടപടിയോട് പ്രതിഷേധിച്ചുകൊണ്ട് ‘ഞങ്ങളാണ് സോഴ്സ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത് കോഗ്രസിന്റെ 108 രൂപ ക്യാംപെയ്ന്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ ഷാഫി പറമ്പില്‍, നേതാക്കളായ വീണ എസ് നായര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ ക്യാംപെയ്നില്‍ പങ്കാളികളായി. സാധാരണക്കാരന് പകര്‍ന്ന് നല്കുന്ന ഭക്ഷണത്തിന്റെയും മരുന്നിന്റെയും ”സോഴ്സ് ‘ അന്വേഷിച്ചു ചെല്ലുമ്പോള്‍ എത്തിപ്പെടുക നന്മ വറ്റാത്ത കുറേ മനുഷ്യരിലാണ്. അതെ ആ മനുഷ്യത്വമാണ് അയാളുടെ സോഴ്സ്. ക്യാംപെയ്നിനെക്കുറിച്ച് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ബി വി ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബി വി ശ്രീനിവാസ് പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും അറിയിച്ചു.
രാഹുല്‍ ഗാന്ധിയും ബി വി ശ്രീനിവാസിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ‘കൊല്ലുന്നവനേക്കാള്‍ വലുതാണ് രക്ഷിക്കുന്നവന്’ – എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ശ്രീനിവാസിനോട് പ്രതിദിനം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിക്കുന്നത്.
ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഈ രാജ്യത്തെ ഭരണ സംവിധാനം കോവിഡിന് മുന്നില്‍ നിഷ്ക്രിയരായപ്പോള്‍, ഓക്സിജന്‍ സിലിണ്ടറുകമായി നാടിന് ശ്വാസമായവനാണ് ബി വി ശ്രീനിവാസ്. അയാള്‍ സാധാരണക്കാരന് പകര്‍ന്ന് നല്കുന്ന ഭക്ഷണത്തിന്റെയും മരുന്നിന്റെയും ”സോഴ്സ് ‘ അന്വേഷിച്ചു ചെല്ലുമ്പോള്‍ എത്തിപ്പെടുക നന്മ വറ്റാത്ത കുറേ മനുഷ്യരിലാണ്. അതെ ആ മനുഷ്യത്വമാണ് അയാളുടെ സോഴ്സ്.
ബി വി ശ്രീനിവാസ് നേതൃത്വം നല്കുന്ന #SOSIYC ക്ക് നമ്മളില്‍ പലരും നേരത്തെ തന്നെ സഹായം നല്കിയവരാണ്. എന്നാല്‍ ഇന്നത്തെ ഡല്‍ഹി പൊലീസിന്റെ നടപടിയോടുള്ള പ്രതിഷേധമാണിത്. ഈ പ്രതിഷേധത്തില്‍ നിങ്ങളും പങ്കാളികളാവുക. ”ഞങ്ങളാണ് സോഴ്സ്” #108 രൂപ നല്കി നമ്മുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നില്ക്കാം. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം.