അഹമ്മദാബാദ്: മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസില്‍ പ്രതിസന്ധി. രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. മാര്‍ച്ച് 26നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. രാജ്യസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 14 എംഎല്‍എമാരെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ച് എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചത്. നാല് എംഎല്‍എമാര്‍ ഞായറാഴ്ചയാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയത്. പ്രവീണ്‍ മാരോ എംഎല്‍എയും താന്‍ രാജിവച്ചതായി അറിയിച്ചു. നാല് എംഎല്‍എമാരെ കാണാനില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ഇവരാണ് രാജി സമര്‍പ്പിച്ചത്. 182 അംഗ നിയമസഭയില്‍ 73 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. അഭയ് ഭരദ്വാജ്, റമില ബാര, നര്‍ഹാരി അമിന്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍. രണ്ട് പേരെയാണ് ബിജെപിക്ക് രാജ്യസഭയിലേക്ക് അയക്കാനാകുക. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വന്തം പാളയത്തെത്തിച്ച് മൂന്ന് പേരെയും ജയിപ്പിക്കാനാണ് ബിജെപി നീക്കം.

