തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന് മുഖ്യമന്ത്രിയെ ഉന്നം വച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് പരാമര്‍ശത്തിലെടുത്ത കേസിലെ നടപടികളാണ് പോലീസ് അവസാനിപ്പിക്കുന്നത്.
സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ടര കോടി കടത്തിയെന്നും പ്രമുഖ ഹോട്ടലില്‍ നിന്ന് 20 ലക്ഷം വാങ്ങിയെന്നുമായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തല്‍. പണം കടത്തിയതിന് താന്‍ സാക്ഷിയാണെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചിരുന്നു. അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാനായി ഡി.ജി.പി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു.
വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ സംബന്ധിച്ച് വ്യക്തമായ മൊഴി ജി ശക്തിധരന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയില്ല. പോലീസിനോട് ഒന്നും പറയാനില്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോടുള്ള ശക്തിധരന്റെ നിലപാട്. തനിക്ക് പയാന് ഉളളത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടെന്നും ശക്തിധരന് പറഞ്ഞിരുന്നു. ഉദ്ദേശിച്ച വ്യക്തികളുടെ പേരുകള്‍ പറയാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്നും ശക്തിധരന് പറഞ്ഞതോടെയാണ്
കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാനാന്‍ പോലീസ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു പോലീസ് അന്വേഷണത്തിന് സാധ്യതയില്ലെന്ന റിപ്പോര്‍ട്ട്, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറും ഡി.ജി.പി.ക്ക് നല്‍കിയിട്ടുണ്ട്.


