വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി കെകെ രമ മത്സരിച്ചാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എംപി കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ ഘടകക്ഷിയല്ലെങ്കിലും രമയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയായിരുന്നു വെന്ന് ചെന്നിത്തല പറഞ്ഞു.
രമ മത്സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് യുഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അയഞ്ഞതോടെയാണ് ആര്‍എംപിക്ക് യുഡിഎഫ് പിന്തുണ ഉറപ്പായത്. രമ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക.
സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ എന്‍ വേണുവിന്റെ പേരായിരുന്നു മണ്ഡലത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ വേണു മത്സരിക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് എംപി മുരളീധരന്റെയടക്കം താല്പര്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു. ജെഡിയുവിനായിരുന്നു യുഡിഎഫ് വടകര സീറ്റ് നല്‍കിയിരുന്നത്. ജെഡിയു മുന്നണി വിട്ടത് ആര്‍എംപിയിലൂടെ തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.


